Friday 20 January 2012

പത്മ...
പത്മ ...
ആരാലും വായിക്കപ്പെടാതെ
ദ്രവിച്ചു തീര്‍ന്ന ഒരെഴുത്താണിത്തുമ്പില്‍
പൊള്ളിവിയര്‍ത്തവള്‍ .....

ഓരോ തിരയിളക്കങ്ങളിലും
കഥ പേറുന്നവള്‍ ......
പത്മ;
ഒരു തിരയാണ്...

പതഞ്ഞു പൊങ്ങിയ
ഭൂഖണ്ഡങ്ങള്‍
വിസര്‍ജ്ജിച്ചതെല്ലാം
ഓരോ മടക്കുകളിലും....

പത്മ
ഒരു തീവണ്ടി മരണം
സ്വപ്നം കാണുന്നു.....

(രണ്ടു )
പത്മ
ഒരു തിരയാണ്....
നുരഞ്ഞുപൊന്തിയ ഗ്ലാസിലും
കുഴഞ്ഞ നാവിലും
കഥയായ്
അവള്‍ തിരയടിക്കുന്നു....

വികസിപ്പിച്ചാല്‍
തിരശീലയ്ക്കകം
തിരയടിക്കുമവള്‍ ......
പത്മ;
ഒരു ത്രെഡാണ്...


റിസ്റ്റുവാച്ചുകെട്ടിയ
രോമാവൃതമായ
ആ കൈക്ക്
ഒരു തിരക്കഥയെഴുതാന്‍
എളുപ്പം.....

പത്മ...
ബാല്യം
കൌമാരം
യൗവനം
തിരയൊടുങ്ങാതെ
176 പേജില്‍
ഒരു തിരക്കഥ....
പത്മ.....
ജാലകം

Tuesday 3 January 2012


കീവായു- ഒരു പ്രതിഷേധസ്വരം


പനിയാണ്: എനിക്കിന്നു ലീവ് വേണം.
പരിശോധന,
മുടി പനിമണക്കുന്നില്ല
കണ്ണുകളില്‍ പനിത്തണുപ്പില്ല
തൊട്ടുനോക്കലില്‍
പനിയില്ലെന്നു വിധി വന്നു
ഒപ്പം ലീവ് ഇല്ലെന്നും;
തൊട്ടുനോക്കാന്‍ കഴിയാത്ത ഇടങ്ങളിലെ പനി
രോഗമോ, രോഗലക്ഷണമോ
അല്ല പോലും.
ലീവ് തരാന്‍ വകുപ്പില്ലെന്ന്...

കഴുവേറികള്‍ .....
പനിമണം,
പനിത്തണുപ്പ്
പനിക്കുളിര്
പനിമഴ
പനിചൂട്
ഇങ്ങനെ പനിവസന്തം
നിറഞ്ഞ എന്റെ
പനിയിടങ്ങളിലെക്ക്
താഴ്ത്തി വയ്ക്കുവാന്‍
ഒരു പനിമാപിനിയില്ലാത്താതെ-
ന്‍റെ തെറ്റാണോ?????

എനിക്ക് പനിക്കുന്നു.... ലീവ്.......

തലചൊറിഞ്ഞ് പരുങ്ങി
നിന്നിട്ടെന്തു കാര്യം,
വിരലഞ്ചിലും താരന്‍
അല്ലാതെന്ത്....


ഇളിച്ചു നിന്ന മുഖത്ത്
ഒരു പ്രതിക്ഷേധം
ഉരുണ്ടു കൂടി
താഴേയ്ക്കിറങ്ങി.....
ഒടുവിലൊരൊറ്റപൊട്ടല്‍
പ്രതിക്ഷേധം;
ഏമാന്റെ മുറിയില്‍
ഒരു കീവയുവിന്റെ സ്വരത്തില്‍ ....

തലചെരിച്ചു
ഇറങ്ങി നടന്നു
ശീതീകരിച്ചമുറിയിലേക്ക്‌.....
ജാലകം