Wednesday 30 March 2011


കവിത തുളുമ്പുന്ന എന്‍റെ
വാക്കുകള്‍ അയാള്‍
ശ്രദ്ധിച്ചു കേള്‍ക്കുകയും,
കുറിചെടുക്കുകയും
ചെയ്യുന്നുണ്ടായിരുന്നു......
ഞാന്‍ സന്തോഷിച്ചു
അയാള്‍ എന്‍റെ കവിതയെ
സ്നേഹിച്ചു തുടങ്ങിയെന്നു
പക്ഷെ,
എനിക്ക് മാത്രം എന്നു
നിഗൂഡമായ് ഞാന്‍
ആനന്ദിച്ചിരുന്ന
വൈകാരിക നിമിഷങ്ങള്‍
കവിതകളായ്‌ അയാള്‍
പ്രസാധകര്‍ക്ക് വിറ്റു....
എന്‍റെ മൌനം തുടങ്ങിയത്
ഇവിടെ നിന്നായിരുന്നു....
അയാളെനിക്കെറിഞ്ഞു തന്ന
ഏകാന്തതയുടെ
വീര്‍പ്പുമുട്ടലുകളാണിന്നു ഞാന്‍

ജാലകം

Thursday 24 March 2011


വിരസതയുടെ മഴക്കമ്പികളില്‍
മെല്ലെ തൊട്ടു നോക്കൂ.......
നീ കേള്‍ക്കുന്ന സംഗീതം
ഞാനാണ് ഞാന്‍ മാത്രം.....


ജാലകം

Monday 21 March 2011

എനിക്കൊന്നും പറയാനില്ല

നിന്‍റെ ഫോണില്‍ വ്യഭിചരിക്കപ്പെട്ടത്
എന്‍റെ മനസ്സ്‌.......
നിന്‍റെ കീപാടുകള്‍
എന്‍റെ ചുണ്ടിലെ പുഴുക്കുത്തുകള്‍ ........
ഒരു ബാറ്റെറിയുടെ വേലിയിറക്കം
കൊണ്ടുപോയത്‌ എന്നെയും....... ജാലകം

Thursday 17 March 2011


പേര് സാമുവല്‍
പേര് സാമുവല്‍ .....
വയസ്സ് മുപ്പത്തിയാറ്......
അവിവാഹിതന്‍ ......
തൊഴില്‍ റിയലെസ്റ്റെറ്റ്......
അഥവാ ബ്രോക്കര്‍ .......
നാക്കുകൊണ്ടു കവിതയെഴുതും......
മണ്ണിന്‍റെ രാസഗുണം
മണത്തറിയും.........
ചെരിപ്പിടാറില്ല......
വാങ്ങുന്നവനെയും വില്‍ക്കുന്നവനെയും
ഒരുപോലെ ചതിയ്ക്കും......
കൂറ് തന്നോടുമാത്രം.....
ഇന്നലെ രാത്രി മരിച്ചു....
കരള്വീക്കവും, മൂത്രത്തില്‍ കല്ലും....
പേര് സാമുവല്‍ .......
വയസ്സ് ....... ജാലകം

Tuesday 15 March 2011


പിന്നെയും ഓര്‍മ്മകള്‍ .......




ചിന്തകൊണ്ടു വലിച്ചു കെട്ടിയ അയലില്‍
ഓര്‍മ്മകള്‍ ചുളിയാതെ പിന്‍ ചെയ്തു വച്ചതില്‍
ഒന്ന് ആദ്യം നഷ്ട്ടമായ്......
അതിനെ തിരഞ്ഞു തളര്‍ന്നു
ഞാന്‍ തിരിചെത്തുമ്പോഴേയ്ക്കും,
പിന്നുകള്‍ മാത്രം അവശേഷിച്ച
ചിന്ത കടുത്ത വേനലിന്‍റെ
പെയ്ത്തില്‍ ഉരുകിതുടങ്ങിയിരുന്നു....
പിന്നെയും ഞാന്‍ തേടിയലഞ്ഞു,
കയ്യില്‍ തടഞ്ഞ കീറിപ്പോയ ഓര്‍മ്മകളെല്ലാം
ഒരു ഭാണ്ഡത്തില്‍ മുറുക്കികെട്ടി
മാറോട് ചേര്‍ത്ത് നടക്കാന്‍ തുടങ്ങിയിട്ട്
കാലമെത്രയായ്‌ .............
ജാലകം

Wednesday 9 March 2011

ഒരു കഥയ്ക്കപ്പുറം....


എന്‍റെ കൂടെ വന്നാല്‍
ഒരിടം കാട്ടിത്തരാം......
ഏറ്റം ദുര്‍ഘടമാണ്
അവിടമെത്താന്‍ ......
വഴിക്കുവച്ച് തിരിച്ചു പോകാന്‍
നീ ശാട്യം പിടിക്കില്ലെകില്‍
എന്‍റെ കൂടെ വരൂ...

കുണ്ടനിടവഴിയും കടന്നു
അങ്ങ് ദൂരെ ദൂരെ ചെല്ലണം......
എന്നോട് ചേര്‍ന്ന് നടക്കൂ,
പൊന്തകള്‍ക്കുള്ളില്‍
പതിയിരിക്കുന്ന മൂര്‍ഖന്‍
ഒരു പക്ഷെ നിന്നെ ഭയപ്പെടുത്തിയേക്കാം.....
നമ്മള്‍ എത്താനായിരിക്കുന്നു.....

നോക്ക്‌...അങ്ങകലെ
ആകാശത്ത് തുമ്പികള്‍
പാറിക്കളിക്കുന്നത് കണ്ടോ....?
അവിടം നെറച്ചും ഇളം-
മഞ്ഞ നിറത്തിലുള്ള പൂക്കളാ.....
കുന്നിക്കുരുകൊണ്ട് കൊറേ വീടുകളും....

ഇനി നീയെന്ടെ കൈ പിടിയ്ക്ക്,
ഒരുമിച്ചു ഉയര്‍ന്നു പറക്കണം നമുക്ക്‌...
നമുക്കവിടെ ഇറങ്ങാന്‍ പറ്റില്ലാട്ടോ....
മേലെ ആകാശതൂന്നു
നോക്കി കാണാം....

കുന്നിക്കുരു വീട്ടില്‍
ആരാ താമസംന്നു അറിയോ.....??
പാവം എന്‍റെ സ്വപ്നങ്ങളാ........

കണ്ണനറിയില്ല,,,
അന്ന് ആദ്യം ഞാന്‍ നിനക്ക് തന്ന
പൂവ്, അത് ഞാന്‍
ഇവിടുന്നാ ഇറുത്തെടുത്തത്....
പൂവിറുക്കാന്‍ അനുവാദം തന്നത്
കുന്നിക്കുരു വീട്ടിലെ താമസക്കാര്‍ ,
എന്‍റെ സ്വപ്‌നങ്ങള്‍ .......

അങ്ങോട്ട്‌ നോക്ക്.......അവിടെ
ഒച്ചയില്ലാതെ ഒഴുകുന്ന
പുഴ കണ്ടോ...?, അത്.......
എന്‍റെ തേങ്ങലുകള്‍
അടക്കിപ്പിടിച്ചത് കൊണ്ടാ
അവ ഒച്ചയില്ലാതെ ഒഴുകുന്നത്‌ .....

ഇതിലേ നോക്ക്....,കണ്ടോ
കുറച്ചകലെ ഒരു വെള്ളച്ചാട്ടം.....
നീ കണ്ടോ...??,ഇതിലെ നോക്ക്.....
നിനക്ക് ധൈര്യമുണ്ടോ അങ്ങോട്ട്‌
തനിച്ചു പോകാന്‍ ......
കൂലം കുത്തി പതഞൊഴുകുന്നത്
എന്റെ പ്രണയമാണ്.....
കുത്തൊഴുക്കില്‍
തീരം കാണാതെ തളര്‍ന്നലയും
എന്റെ കാമുകന്‍ .....

കുറച്ചങ്ങുമാറി ഒരു ചതുപ്പുണ്ട്....
ഇവിടം കൂടി കാണിച്ചു തരാം നിനക്ക്......
അല്ലാതെ യാത്ര പൂര്‍ണ്ണമാവില്ല......
ചതുപ്പിനകത്തു
ദംഷ്ട്രകളോടുകൂടിയ
ഒരു ക്രൂരമൃഗം
ഒളിച്ചുപാര്‍ക്കുന്നുണ്ട്.....
നീ കാണുന്നത് അതിന്‍റെ
വാലറ്റമാണ്.........
പൂഴ്ത്തിവച്ച
ദുഷ്ടതകളാണ് മൃഗം....
കൊമ്പും കുളമ്പുമായ്‌
ഏതു നേരം വേണമെങ്കിലും
നിന്നില്‍ ചാടി വീഴാം,
അടുത്ത നിമിഷംതന്നെ
ചതുപ്പിലേയ്ക്കുള്‍വലിയുമെങ്കിലും......

....ഇനി നമുക്ക് തിരിച്ചു പോകാം......
ഒരു കാര്യം കൂടി
ഇവിടം നീ എന്തു പേരിട്ടുവിളിയ്ക്കും.......
അല്ലെങ്കില്‍ വേണ്ട
ഞാന്‍ തന്നെ പറയാം
'എന്‍റെ ഹൃദയം' എന്നു
വിളിച്ചോളൂ.............
ജാലകം

Friday 4 March 2011

അഹല്യയിലേക്ക് ഒരു വഴി
മോക്ഷം കാത്തു കിടക്കുന്ന
അഹല്യയിലേയ്ക്കൊരു വഴിയുണ്ട്
ഒരു ദിശായന്ത്രത്തിന്‍റെയും
സൂചികള്‍ വഴികാട്ടാത്ത ഒരു വഴി. . .

വഴിമരങ്ങളെല്ലാം മൌനപഞ്ജരങ്ങള്‍ ,
ഏതു രാമന്‍ വീണ്ടെടുകും
അഹല്യയുടെ ശബ്ദങ്ങള്‍ . . .

ഘടികാരങ്ങളും കലണ്ടറുകളും
മണ്‍പുറ്റുകളില്‍ ,
ഏതു രാമന്‍ വീണ്ടെടുകും
അഹല്യയുടെ സമയങ്ങള്‍ . . .

കണ്ണിലും കരളിലും അമാവാസി ,
ഏതു രാമന്‍ വീണ്ടെടുക്കും
അഹല്യയുടെ നിലാകാഴ്ചകള്‍ . . .

ഏതു രാമന്‍ വീണ്ടെടുക്കും
ഞെട്ടലില്ലാത്ത ഉറക്കങ്ങള്‍ ;
കെടുത്തും പുടവത്തുമ്പിലെ അഗ്നി

ഏതു രാമന്‍ ജ്വലിപ്പിക്കും
അഹല്യെ നിന്നെ . . . . ജാലകം

Thursday 3 March 2011

അല്‍ഷിമേഴ്സ് അഥവാ മരിച്ച ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ക്ക്‌ ഇരുട്ടിന്‍റെ കറുപ്പാണ്
ഇടയ്ക്ക് നേര്‍ത്തൊരു മിന്നല്‍
അവിടെ പ്രണയത്തിന്‍റെ
സ്മൃതിഗന്ധമലരുകള്‍
വീണ്ടും ഓര്‍മ്മകളുടെ അമ്പിളി
മേഘകീറുകള്‍ക്കിടയില്........
നനുത്ത ബാല്യത്തിന്‍റെ
നിലാവുമായ്‌ ഒരെത്തിനോട്ടം
പിന്നെയും ഓര്‍മ്മകളുടെ ജീവിതത്തില്‍ നിന്ന്
ഓര്‍മ്മകളുടെ ശവക്കല്ലറകളിലേക്ക്
മറവിയിലേക്ക്.......
ഇടക്കെപ്പോഴോ മറവിയെ
അമൃതംതളിച്ചുണര്‍ത്തുന്നു
എന്നിട്ടും ഞൊടിയിടകൊണ്ടാ-
ഓര്‍മ്മകള്‍ കേട്ടുപോകുന്നു
വര്‍ത്തമാനം വിസ്മൃതിയുടെ കാളിന്ദിയില്‍
ഒലിച്ചു പോകുന്നു.
അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ
ഇരുണ്ട ഭിത്തിക്കിടയിലെ
പൊക്കിള്‍ക്കൊടിയില്‍ തൂങ്ങി-
നില്‍ക്കുന്ന ഓര്‍മ്മകള്‍ ,
വിച്ഛേദനത്തിനായുള്ള
വെമ്പലില്ലതിനു...
ചാപിള്ളയായ് തീര്‍ന്ന ഓര്‍മ്മകള്‍ക്ക്
ശാസ്ത്രം അല്‍ഷിമേഴ്സ്
എന്ന് പേര് ചൊല്ലി...
ഭ്രാന്തെന്നു വിളിപ്പേര്....
തീര്‍ച്ചയായും ഓര്‍മ്മകള്‍
ശിക്ഷിക്കപ്പെടെണ്ടവ തന്നെ
മരിച്ച ഓര്‍മ്മകള്‍ എന്നെ
ഭ്രാന്തിയാക്കിയിരിക്കുന്നു.......... ജാലകം

Tuesday 1 March 2011

എങ്കിലും ക്ഷമിക്കൂ......
നിന്നോടുള്ള എന്‍റെ ഗാഡവും തീവ്രവുമായ
സ്നേഹം ഒരു പ്രത്യേക സിന്റാക്സ് ഉള്ളതല്ല
അതുകൊണ്ട്തന്നെ അതിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍
പ്രവചനാതീതവുമാണ്. . . .
അതിന്‍റെ വേലിയേറ്റത്തില്‍
വലിഞ്ഞു മുറുകി വിറച്ചുതുള്ളുന്ന
അപസ്മാരരോഗിയാകുന്നു ഞാന്‍ ‍. . .
അതിന്‍റെ വേലിയിറക്കം
നിരാശയുടെ കനത്ത ആഴങ്ങളിലേക്ക്‌
എന്നെ വലിച്ചെറിയുന്നു. . .

എങ്കിലും പ്രിയ്യപ്പെട്ടവനെ നിനക്ക് തരാന്‍
എന്റെ കൈയ്യില്‍ എന്തുണ്ട്. . . . ????
ചങ്ങലക്കിട്ടു ചതഞ്ഞു പോയ
നീരോലിക്കുന്ന വാക്കുകളോ. . .!!!
ഫേസ് പാക്കിട്ടു മിനുക്കിയെടുത്ത
പൊള്ളയായ എന്റെ ചിന്തകളോ. . . !!!

പുറംപൂച്ചുകളില്‍ ഒഴുകിപ്പോകുന്ന
എന്റെ അസ്തിത്വം
ഞാന്‍ നിസ്സഹായയാണ്‌
ഒഴുകിപ്പോകുന്നത് ഞാനാണെന്നറിഞ്ഞിട്ടും
തീരം ആഗ്രഹിക്കാത്തവള്‍ . . . .


ജാലകം