Thursday 1 December 2011

അദ്രു ഇങ്ങനെയൊന്നുമായിരുന്നില്ല...

ഓര്‍മ്മകളിലെക്കൊരൊറ്റ നടപ്പാത പോലെ
ഇന്നും മാറാതെ കിടക്കുന്നത്,
മദ്രസ്സവിട്ടു പാഞ്ഞു വരുന്ന അദ്രൂനെ
അക്ഷമയോടെ കാത്തിരിക്കാറുണ്ടായിരുന്ന
ഈ തോട്ടു വരമ്പ് മാത്രം...

ഇതിന്‍റെ അങ്ങേ അറ്റത്ത്‌
ഒരു വീടുണ്ടായിരുന്നു...
കരിയോലയും ചീമക്കമ്പുകളും
കൊണ്ടൊരു കൊച്ചു വീട്....
അവിടെ
ഉന്നപ്പൂളയുടെ ചുവന്ന പൂക്കള്‍ കോര്‍ത്ത്‌
കല്യാണം കഴിച്ച
വേനലവധിക്കാലങ്ങള്‍ .....
മണ്ണപ്പം ചുട്ടു ഞാന്‍ വീട്ടുകാരിയും
ചിരട്ടയും മണ്ണും കൊണ്ടുവന്നവന്‍
വീട്ടുകാരനുമായ്‌....
മലര്‍ത്തിക്കിടത്തിയാല്‍ കണ്ണടക്കുന്ന പാവകുട്ടിക്ക്‌
ഞങ്ങള്‍ അമ്മയും ബാപ്പയുമായി....

നോമ്പെടുത്ത് അവനും
നോമ്പെടുക്കാതെ ഞാനും
കോയ്യെറച്ചിയ്ക്കും പത്തിരിക്കും
കൊതിയോടെ കാത്തിരുന്ന
നോമ്പുകാലത്തെ മഗ്രിബ് നേരങ്ങള്‍....

പടക്കം പൊട്ടിച്ചു എനിക്കു മുന്നില്‍
ആണായി ഞെളിഞ്ഞു നിന്ന വിഷുക്കാലങ്ങള്‍ ,
വാഴയിലക്കറ പറ്റിയ
തിരുവോണ നാളിലെ ഉച്ചകള്‍ ‍...
എല്ലാം...
അവിടെ ആയിരുന്നു.....
മാറ്റമില്ലാതെ കിടക്കുന്ന
തോട്ടുവരമ്പിന്‍റെ അങ്ങേ അറ്റത്ത്...

ഇവിടെ ഈ അറ്റത്തു
അദ്രു എനിക്കറിയാത്ത എന്തൊക്കയോ ആണ്...

വായനശാലയ്ക്ക് കിഴക്ക് ഭാഗത്തെ കുരുട്ടിടയില്‍
അവന്‍ ആളെ കൂട്ടുന്നു; കുശു കുശുക്കുന്നു
ഹര്‍ക്കത്തുള്‍ ജിഹാദേന്നും
ലഷ്ക്കര്‍ ജിഹാദേന്നുമൊക്കെ
ഇടയ്ക്കിടെ മുഴങ്ങുന്നു....
അദ്രു എന്തിനൊക്കയോ ഒരുങ്ങിപുറപ്പെടുന്നു

എത്ര വിളിച്ചിട്ടും
ചെവിതരാതെ
തിരിഞ്ഞു നോക്കാതെ അദ്രൂ... ജാലകം

Thursday 24 November 2011

---എന്‍റെ ഠ വട്ടത്തിലെ ആണുങ്ങള്‍ ----

തല നിറയെ എണ്ണതേച്ചു
മുടി പിറകോട്ടു പറ്റിച്ചു ചീകിയ
കറുത്തോരെലുമ്പന്‍ .....
ചെമ്പരത്തിക്കാടുകളോട് പ്രിയം;
കമ്മ്യൂണിസത്തോടും .......
തട്ടും തടയുമില്ലാതെ
തെളിവാര്‍ന്ന ഭാഷയില്‍
കഥപറയും

(ഈ കഥ പറച്ചില്‍ എനിക്കേറെ പ്രിയം; അവനെയും)

സ്ത്രീവിഷയത്തില്‍
ആളൊരു ബാലന്‍ കെ നായരല്ലെങ്കിലും
ചെറിയൊരു സുകുമാരനാണ് ...

ഇനി രണ്ടാമ‍ന്‍ ;
മസ്സില് പെരുപ്പിച്ചു പെരുപ്പിച്ചു
കയ്യും നെഞ്ചും മുഴച്ചുപോയൊരു
മൊഞ്ചന്‍ ,
മുള്ളിന്‍ പൂക്കളില്‍ പറന്ന്
നടക്കുന്ന തുമ്പിയെപോലാണ് ...
അപ്പൂപ്പന്‍ താടികളോടാനിഷ്ട്ടം .....
നിറങ്ങള്‍ക്ക് മണമുണ്ടാകുന്ന കാലം
സ്വപ്നം കണ്ടുറങ്ങും ...

(ഈ സ്വപ്‌നങ്ങള്‍ എനിക്ക് പ്രിയം; അവനെയും)

സ്ത്രീവിഷയത്തില്‍
ആള്‍ ഒരു കുഞ്ഞൂഞ്ഞാണ് .....

ഇനിയൊരാള്‍
അന്തര്‍മുഘനാണെന്നു സ്വയം ധരിക്കുന്നു ...
ചുരുട്ടിയ ദേശാഭിമാനിപത്രം
ഉണ്ടാകും കക്ഷത്ത്‌ എപ്പോഴും
വിദൂരതയില്‍ കണ്ണുനട്ടാണ് സംസാരം
ഇന്നിന്‍റെ സകലതും
രസിക്കും പങ്കിടും ....
രാത്രി വീട്ടില്‍ ഉത്തരത്തില്‍ -
ഉറികെട്ടി കുറെ ചോദ്യങ്ങളെ കാത്തുവയ്ക്കും .....
എന്നും അസ്വസ്ഥനത്രെ ....

(ഈ അസ്വസ്ഥതകളും
ആരെയോ ഓര്‍മിപ്പിക്കുന്ന മാനറിസങ്ങളും ;
എനിക്കിവന്‍ പ്രിയ്യപ്പെട്ടവന്‍ )

സ്ത്രീവിഷയത്തില്‍
ആളൊരു മമ്മൂട്ടിയാണ് ;
സദാചാരമൂല്യം മുറുകെപ്പിടിച്ചുകൊണ്ട്
കാമുകിയുടെ കണ്ണീരുപോലും
ചൂണ്ടുവിരല്‍ കൊണ്ടേ തൊടു ....

ഇനിയുള്ളവന്‍
വളരെ സാധാരണക്കാരന്‍
ബുദ്ധിജീവിജാഡ തൊട്ടുതീണ്ടാത്തവന്‍ ...
എപ്പോഴും ചുട്ടുപഴുത്ത പ്രണയം-
കൊണ്ടവളെ കാച്ചിയൊരുക്കും ...
ദിവസവും സ്വപ്നങ്ങളില്‍
വീടുകെട്ടും ; മഴപോലെ
സുന്ദരിയായൊരു പെണ്‍കുഞ്ഞിനെ
നോറ്റു നോറ്റിരിയ്കും ....

(പ്രിയതരമീ പ്രണയം ; എനിക്കിവനും )

സ്ത്രീവിഷയത്തില്‍
ആളൊരു നസീറാണ് ,
അവളുടെ നിതംബങ്ങള്‍
അയാളെ അങ്ങനെ തോന്നിപ്പിച്ചു .....

ഒരു കാര്യം ഉറപ്പാണ്‌
എന്റെ ഇട്ടാവട്ടത്തിലെ ആണുങ്ങളിലൊന്നും
ഒരു മുഴുവന്‍ ഗോവിന്ദചാമി
ഉണ്ടായിരുന്നില്ല ....ഭാഗ്യം ...... ജാലകം

Thursday 17 November 2011

--കൂട്ടുകാരീ നിന്നോട് --

ക്ഷമിക്ക നീ ...
ഒന്നും പറയാത്തതല്ല;
വ്രണപ്പെടുന്ന നേരങ്ങളിലെല്ലാം
കൂട്ടുകാരീ നാവു പൊന്താറുണ്ട് ,
എങ്കിലും തോരുഷ്ണക്കാറ്റില്‍
സ്വയമുരുകിയോലിച്ചൊരു -
കവിതയ്ക്കായ് അടിവയറ് തീര്‍ക്കുന്നു ഞാന്‍....

എല്ലാം കേട്ട് കഴിഞ്ഞും
ചോദ്യശരങ്ങളില്‍
കുത്തിനിര്‍ത്തെന്നെ നീ...

ആത്മദുഖത്തിന്റെ വക്കുപൊട്ടിയ
കോപ്പക്കുള്ളില്‍ തുളുമ്പുന്ന -
മധുരവേദനകള്‍
ചോരയൊലിപ്പിച്ചു നീറ്റുന്നു
എന്റെ നേരങ്ങളെ .....

ക്ഷമിക്കുക നീ...
ധൃതിപ്പാടിലായിരുന്നു ഞാന്‍,
ചിന്തയില്‍ കുരുക്കിട്ട്
പിടഞ്ഞാടുന്ന എന്നെ
നാലാം കാലത്തിലേക്ക് തള്ളിവിടാനുള്ള
ധൃതിപ്പാടില്‍ ....
മാപ്പ് .... മാപ്പ് ..... ജാലകം

Monday 1 August 2011


കടലും നിലാവും പൂക്കളും
മഴമേഘവും മടുത്തു........
വേനല്‍ ചൂടില്‍ വീശിയുറക്കിയും
മഴക്കുളിരില്‍ പുണര്‍ന്നുറങ്ങിയും
വന്ധ്യമായ്‌ തീര്‍ന്ന രാത്രികള്‍ ....
വിഷപ്പല്ലാഴ്ന്നിറങ്ങിയ പൊക്കിള്‍ ചുഴിയില്‍
ഇരുട്ട് വന്നുമ്മവച്ചു.....
ഗര്‍ഭപാത്രത്തിലെ ദ്യുതി
ഒരു കാപ്സ്യൂളിന്‍റെ കുത്തേറ്റു
ചിതറിപ്പോയ്‌ ....
ചുണ്ടില്‍ നുരഞ്ഞുപൊന്തിയത്
മുലക്കന്ണോളം ഒലിച്ചിറങ്ങി
വ്രണങ്ങളില്‍ അളച്ചത്
മുഖമറിയാത്തവന്‍റെ ബീജങ്ങള്‍ ....
പോസ്റ്റുമാര്‍ട്ടം കഴിഞ്ഞും
പുളച്ചു മറിഞ്ഞു മാധ്യമകീടങ്ങള്‍ ;
പരേതയ്ക്ക് ഭൂതം, വര്‍ത്തമാനങ്ങളായ് ........ ജാലകം

Sunday 31 July 2011



കാത്തിരിക്കണം എന്ന്
ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല.....
എന്നിട്ടും കാത്തിരിപ്പിന്‍റെ
പാറ്റെന്‍റ് ഞാന്‍ പിടിച്ചു വാങ്ങിച്ചു......

ഓര്‍മിക്കണം എന്ന്
ഒരിക്കല്‍ പോലും ആവശ്യപ്പെട്ടില്ല...
നിന്നെ ഓര്‍ക്കുക എന്നത്
എന്നെ ഞാന്‍ ശീലിപ്പിച്ചിട്ടുമില്ല...
ഇരയുടെ മേല്‍ ചാടിവീഴുന്ന
സിംഹത്തെപോലെ
എന്നും പക്ഷെ നീയെന്നെ
ആക്രമിച്ചുകൊണ്ടിരുന്നു......... ജാലകം

Thursday 28 July 2011


എന്‍റെ നെഞ്ചില്‍
നീ കുത്തിയിറക്കിയ ശൂലം
വലിചൂരുക,
മുറിവുകളില്‍ നിന്നും
ചീറ്റിത്തെറിക്കുന്ന ചോര കൊണ്ട്
നീ കാറിത്തുപ്പിയ എന്‍റെ മുഖം
ചുവക്കട്ടെ.....
എന്‍റെ രക്തം പുരണ്ട നിന്റെ കൈ
എന്‍റെ സീമന്തരേഖയിലും
എന്‍റെ നെറ്റി നിന്റെ നെറ്റിയിലും
ചേര്‍ത്തുവച്ചതിനു,
നിന്നില്‍ വീണു മരിച്ച
എന്‍റെ അവസാനത്തെ കുറുമ്പായ്
നീ ക്ഷമിക്കുക...........
ജാലകം

Friday 17 June 2011




അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
അവന്റെ ബാറ്ററികള്‍ ചാര്‍ജുചെയ്യപ്പെട്ടു,
അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
അവന്ടെ ഫോണ്‍ റീചാര്‍ജുകൂണപ്പകള്‍
രുചിയോടെ തിന്നു തീര്‍ത്തു.......
രാത്രികളെല്ലാം ഫോണ്‍ വെളിച്ചത്തില്‍
പകലുകളായ്‌;രാത്രി അര്‍ഥം വച്ച് ചിരിച്ചു.
സമയങ്ങള്‍ പായ്യാരങ്ങളില്‍
കുട്ടിക്കരണം മറിഞ്ഞു.

പെട്ടൊന്നൊരു പുലര്‍ച്ചെ
അവന്ടെ ബാറ്ററി ലോ...

ആര്‍ക്കാണ്‌ ചെവി വേദന ആരംഭിച്ചത്...??? ...

അവളുടെ ചെവിയില്‍
അവന്ടെ ഫോണ്‍ പൊട്ടിത്തെറിച്ചു....
അവന്‍ രക്ഷപ്പെട്ടു പരിക്കില്ലാതെ,
അവള്‍ പക്ഷെ ചത്തില്ല;
വലതു ചെവിയും
ഇടതു ഹൃദയവും
അടിവയറും
ഇടയ്ക്കിടെ ചോര വാര്‍ന്നു.....

പിന്നെയും രണ്ടാഴ്ച,
"ചാര്‍ജറില്‍ തൂങ്ങിച്ചത്ത
പെണ്‍കുട്ടി"-യുടെ
ത്രില്ലിംഗ് സ്റ്റോറി ; ചര്‍ച്ചയില്‍
പങ്കെടുത്ത ഫോണ്‍ വിദഗ്ദ്ധനെ
ലൈനില്‍ തുടരാനനുവദിച്ചു
അവന്‍ അലസമായ്‌
ചാനലുമാറ്റി.......

" ഇവള്‍ കൃഷ്ണ
പ്രണയത്തിന്‍റെ ചരക്കു കപ്പലില്‍
വാണിഭം ചെയ്യപ്പെട്ടവള്‍
ആര്‍ദ്രതയുടെ ആഴങ്ങളില്‍ നിന്ന്
നിങ്ങള്‍ക്കെന്താ ഒരിക്കലെങ്കിലും
ഇവളെ പേര് ചൊല്ലി വിളിച്ചാല്‍ "
-കാഴ്ചക്കാരി-
ജാലകം

Friday 3 June 2011

..........മഴപ്പാലം.........

അച്ഛന്‍ ജൂണ്‍ മാസം;
നനഞ്ഞുപോയ വെടിമരുന്നിന്‍റെ
പുകച്ചിലുകള്‍ നെഞ്ഞേറ്റി,
ഒരു കുടപോലെ.
നീ ജൂണിലെ മഴയും.....


ചിന്നിചിതറുന്ന മഴയ്ക്കുള്ളിലൊരു
വിസ്ഫോടമുണ്ടെന്നും,
ഓരോ മഴസ്ഫോടനങ്ങളും
പരസ്പരം നമ്മെ തുന്നിചേര്‍ക്കുമെന്നും
ഒരു മഴയ്ക്കുള്ളിലിരുന്നെന്നെ
നീ പഠിപ്പിച്ചു.......

ഉറക്കം കനം വച്ച

എന്റെ കണ്ണിലെ നക്ഷത്രങ്ങളെല്ലാം
മഴക്കുമ്പിളില്‍ നീ കോരിയെടുത്തു ...

പുലരിയെത്തുമ്പോള്‍
മഴചാറ്റലായ്‌ വന്നെന്നെ നീ
ആര്‍ദ്രയാക്കി ........

പകലുകളിലെല്ലാം

മഴനൂലുകൊണ്ട്
എന്നെ നീ കെട്ടിയിട്ടു......

സായന്തനങ്ങളില്‍
എന്റെ നെറ്റിയിലൊരു

മഴപ്പൊട്ടായ്‌
നീ തുടിച്ചു നിന്നു.......

രാത്രിയില്‍ മഴപെയ്ത

വലയ്ക്കുള്ളില്‍
എന്നെ ഉറക്കി കിടത്തി നീ......

നീ....നീ എന്തൊരു മഴയാണ്....!!!!!!!!!!!!

അച്ഛനില്‍ നിന്ന് നിന്നിലേയ്ക്ക്
ഏതു മഴപ്പലമാണ്‌ുള്ളത്.........
ജാലകം

Monday 16 May 2011

വേലി
അതിര്‍ത്തിയിലെ വെളുത്തചെമ്പരത്തികള്‍
പെട്ടന്നായിരുന്നു ചോരചര്‍ദ്ദിച്ചത്.....
അങ്ങനെയാണ് ജാനുവും ദിവാകരനും
പറമ്പിന്‍റെ മൂലയിലെ
ചെമ്പരത്തിക്കാടുകള്‍
ഉപേക്ഷിച്ചു പോയത്.......
അതിര്‍ത്തിയിലെ പൂക്കള്‍
മുള്ളുവേലിയിലെ
നീറ്റലിലേയ്ക്ക്‌ വഴിമാറി.....
ഉണ്ണിക്കുട്ടന്‍റെ ബോളുകളി
പറമ്പിനുള്ളിലേയ്കും......

വേലികള്‍ പിന്നെയും മാറിവന്നു.....
ജാനുവും ദിവാകരനും
എവിടെയൊക്കെയോ ഉള്ള
കസേരകളിലിരുന്നു
സെര്‍വറുകളെ ചീത്തപറഞ്ഞു
കിന്നരിക്കുന്നു....
ചെമ്പരത്തിയും, പിച്ചിയും
മുള്ളിന്പൂക്കളും
ഉണ്ണിക്കുട്ടന്‍റെ വാള്‍പേപ്പറുകളില്‍
വാടാതെ വെളുക്കെ
ചിരിക്കുന്നു.....
ഉണ്ണിക്കുട്ടന്‍റെ ബോള്‍
അപ്ഡേറ്റ് ചെയ്യാന്‍ മറന്ന
അപ്ളിക്കേഷനില്‍
കാറ്റോഴിഞ്ഞു കിടക്കുന്നു......... ജാലകം

Tuesday 10 May 2011

കവിതയെഴുത്ത് തൊഴിലാളി; കൂലി="?"

രാത്രി ഉറക്കമിളച്ച്
കുത്തിക്കുറിക്കുന്നവന്‍റെ
വേദന ആരറിയാന്‍
പകര്‍ത്തിയെഴുതണം
വിറ്റുകാശാക്കണം....
ഹൃദയം കീഴടക്കുന്ന
തൊഴിലിനും കൊള്ളാം
അതുകൊണ്ട് തന്നെ
കവികളെ മാറ്റിവച്ചു
സംസാരിക്കാം....
അല്ലെങ്കില്‍ തന്നെ
യൂണിയനുകള്‍ ഇല്ലാത്ത
ഈ തൊഴിലാളികള്‍
എന്തിനു കൊള്ളാം......
ജാലകം

Saturday 9 April 2011

ഒടുവില്‍........
ഒഴുക്കിലെ ചുഴിച്ചുരുളിലേയ്ക്ക്‌
ആണ്ടാണ്ടു പോയത്
ഒരു ക്ഷണക്കത്ത്;
അകലെനിന്നും ജീവിതത്തിന്‍റെ
മേല്‍പാലത്തിലേയ്കുള്ള
ഒരു ക്ഷണക്കത്ത്.........

മുറിവുണങ്ങാനിട്ട തീരങ്ങളില്‍
ജാതിമരങ്ങള്‍ പൂത്തത്
ക്രിസ്തുവിനും മുന്‍പാണ്......
എന്നിട്ടും ഇന്നും
മുറിവുകളില്‍ പച്ച മണക്കുന്നു.........

സ്വപ്നങ്ങളെ തള്ളിയിട്ട
കയങ്ങളില്‍നിന്നും
രോദനം..........

മഷിക്കുപ്പി ചോര്‍ന്നൊലിച്ചു
പെരങ്ങിപ്പോയത്
നീയോ......??? ഞാനോ.....???...!!!

ജീവിതത്തിനു ചുറ്റും
വേലികള്‍ മുളയ്ക്കുന്നു...
ഒടുവില്‍
എത്ര ഉത്തരം മുട്ടിയിട്ടും
വേലിയ്കുള്ളില്‍ ലജ്ജയില്ലാതെ
ഓരോ നിമിഷങ്ങളിലും
ആത്മഹത്യ ചെയ്യപ്പെടുന്നു........ ജാലകം

Tuesday 5 April 2011


ഒഴുക്കിലേയ്ക്ക്‌ ഇറങ്ങിയത്
കടലിന്‍റെ ആഴം കാണാനാണ്;
കര പ്രതീക്ഷിച്ചല്ല.......................
നീന്തലറിഞ്ഞിട്ടും
നീന്താതിരുന്നത്
ആഴം ആഗ്രഹിച്ചതുകൊണ്ട് മാത്രമാണ്....
പടികളിറങ്ങുമ്പോള്‍
പറഞ്ഞിട്ടുപോകണമെന്നു
എന്തിനു വാശിപിടിക്കണം........
എന്‍റെ കുഞ്ഞാകാശം
നിന്നെ വിശ്വസിചേല്‍പ്പിക്കുന്നു
-നിന്‍റെ മക്കള്‍ക്കുള്ള
എന്‍റെ സമ്മാനം ജാലകം

Monday 4 April 2011



ഒരു ജാരനെപ്പോലെ
പതുങ്ങിവരാതെ
ഒരു കാമുകനായ്‌
തലയുയര്‍ത്തിപ്പിടിച്ചു വരൂ.....
എന്‍റെ കവിളുകളിലെ
നുണക്കുഴികളില്‍
ഒളിച്ചുവച്ചത് ഞാന്‍
നിനക്ക് തരാം....
ജാലകം

Wednesday 30 March 2011


കവിത തുളുമ്പുന്ന എന്‍റെ
വാക്കുകള്‍ അയാള്‍
ശ്രദ്ധിച്ചു കേള്‍ക്കുകയും,
കുറിചെടുക്കുകയും
ചെയ്യുന്നുണ്ടായിരുന്നു......
ഞാന്‍ സന്തോഷിച്ചു
അയാള്‍ എന്‍റെ കവിതയെ
സ്നേഹിച്ചു തുടങ്ങിയെന്നു
പക്ഷെ,
എനിക്ക് മാത്രം എന്നു
നിഗൂഡമായ് ഞാന്‍
ആനന്ദിച്ചിരുന്ന
വൈകാരിക നിമിഷങ്ങള്‍
കവിതകളായ്‌ അയാള്‍
പ്രസാധകര്‍ക്ക് വിറ്റു....
എന്‍റെ മൌനം തുടങ്ങിയത്
ഇവിടെ നിന്നായിരുന്നു....
അയാളെനിക്കെറിഞ്ഞു തന്ന
ഏകാന്തതയുടെ
വീര്‍പ്പുമുട്ടലുകളാണിന്നു ഞാന്‍

ജാലകം

Thursday 24 March 2011


വിരസതയുടെ മഴക്കമ്പികളില്‍
മെല്ലെ തൊട്ടു നോക്കൂ.......
നീ കേള്‍ക്കുന്ന സംഗീതം
ഞാനാണ് ഞാന്‍ മാത്രം.....


ജാലകം

Monday 21 March 2011

എനിക്കൊന്നും പറയാനില്ല

നിന്‍റെ ഫോണില്‍ വ്യഭിചരിക്കപ്പെട്ടത്
എന്‍റെ മനസ്സ്‌.......
നിന്‍റെ കീപാടുകള്‍
എന്‍റെ ചുണ്ടിലെ പുഴുക്കുത്തുകള്‍ ........
ഒരു ബാറ്റെറിയുടെ വേലിയിറക്കം
കൊണ്ടുപോയത്‌ എന്നെയും....... ജാലകം

Thursday 17 March 2011


പേര് സാമുവല്‍
പേര് സാമുവല്‍ .....
വയസ്സ് മുപ്പത്തിയാറ്......
അവിവാഹിതന്‍ ......
തൊഴില്‍ റിയലെസ്റ്റെറ്റ്......
അഥവാ ബ്രോക്കര്‍ .......
നാക്കുകൊണ്ടു കവിതയെഴുതും......
മണ്ണിന്‍റെ രാസഗുണം
മണത്തറിയും.........
ചെരിപ്പിടാറില്ല......
വാങ്ങുന്നവനെയും വില്‍ക്കുന്നവനെയും
ഒരുപോലെ ചതിയ്ക്കും......
കൂറ് തന്നോടുമാത്രം.....
ഇന്നലെ രാത്രി മരിച്ചു....
കരള്വീക്കവും, മൂത്രത്തില്‍ കല്ലും....
പേര് സാമുവല്‍ .......
വയസ്സ് ....... ജാലകം

Tuesday 15 March 2011


പിന്നെയും ഓര്‍മ്മകള്‍ .......




ചിന്തകൊണ്ടു വലിച്ചു കെട്ടിയ അയലില്‍
ഓര്‍മ്മകള്‍ ചുളിയാതെ പിന്‍ ചെയ്തു വച്ചതില്‍
ഒന്ന് ആദ്യം നഷ്ട്ടമായ്......
അതിനെ തിരഞ്ഞു തളര്‍ന്നു
ഞാന്‍ തിരിചെത്തുമ്പോഴേയ്ക്കും,
പിന്നുകള്‍ മാത്രം അവശേഷിച്ച
ചിന്ത കടുത്ത വേനലിന്‍റെ
പെയ്ത്തില്‍ ഉരുകിതുടങ്ങിയിരുന്നു....
പിന്നെയും ഞാന്‍ തേടിയലഞ്ഞു,
കയ്യില്‍ തടഞ്ഞ കീറിപ്പോയ ഓര്‍മ്മകളെല്ലാം
ഒരു ഭാണ്ഡത്തില്‍ മുറുക്കികെട്ടി
മാറോട് ചേര്‍ത്ത് നടക്കാന്‍ തുടങ്ങിയിട്ട്
കാലമെത്രയായ്‌ .............
ജാലകം

Wednesday 9 March 2011

ഒരു കഥയ്ക്കപ്പുറം....


എന്‍റെ കൂടെ വന്നാല്‍
ഒരിടം കാട്ടിത്തരാം......
ഏറ്റം ദുര്‍ഘടമാണ്
അവിടമെത്താന്‍ ......
വഴിക്കുവച്ച് തിരിച്ചു പോകാന്‍
നീ ശാട്യം പിടിക്കില്ലെകില്‍
എന്‍റെ കൂടെ വരൂ...

കുണ്ടനിടവഴിയും കടന്നു
അങ്ങ് ദൂരെ ദൂരെ ചെല്ലണം......
എന്നോട് ചേര്‍ന്ന് നടക്കൂ,
പൊന്തകള്‍ക്കുള്ളില്‍
പതിയിരിക്കുന്ന മൂര്‍ഖന്‍
ഒരു പക്ഷെ നിന്നെ ഭയപ്പെടുത്തിയേക്കാം.....
നമ്മള്‍ എത്താനായിരിക്കുന്നു.....

നോക്ക്‌...അങ്ങകലെ
ആകാശത്ത് തുമ്പികള്‍
പാറിക്കളിക്കുന്നത് കണ്ടോ....?
അവിടം നെറച്ചും ഇളം-
മഞ്ഞ നിറത്തിലുള്ള പൂക്കളാ.....
കുന്നിക്കുരുകൊണ്ട് കൊറേ വീടുകളും....

ഇനി നീയെന്ടെ കൈ പിടിയ്ക്ക്,
ഒരുമിച്ചു ഉയര്‍ന്നു പറക്കണം നമുക്ക്‌...
നമുക്കവിടെ ഇറങ്ങാന്‍ പറ്റില്ലാട്ടോ....
മേലെ ആകാശതൂന്നു
നോക്കി കാണാം....

കുന്നിക്കുരു വീട്ടില്‍
ആരാ താമസംന്നു അറിയോ.....??
പാവം എന്‍റെ സ്വപ്നങ്ങളാ........

കണ്ണനറിയില്ല,,,
അന്ന് ആദ്യം ഞാന്‍ നിനക്ക് തന്ന
പൂവ്, അത് ഞാന്‍
ഇവിടുന്നാ ഇറുത്തെടുത്തത്....
പൂവിറുക്കാന്‍ അനുവാദം തന്നത്
കുന്നിക്കുരു വീട്ടിലെ താമസക്കാര്‍ ,
എന്‍റെ സ്വപ്‌നങ്ങള്‍ .......

അങ്ങോട്ട്‌ നോക്ക്.......അവിടെ
ഒച്ചയില്ലാതെ ഒഴുകുന്ന
പുഴ കണ്ടോ...?, അത്.......
എന്‍റെ തേങ്ങലുകള്‍
അടക്കിപ്പിടിച്ചത് കൊണ്ടാ
അവ ഒച്ചയില്ലാതെ ഒഴുകുന്നത്‌ .....

ഇതിലേ നോക്ക്....,കണ്ടോ
കുറച്ചകലെ ഒരു വെള്ളച്ചാട്ടം.....
നീ കണ്ടോ...??,ഇതിലെ നോക്ക്.....
നിനക്ക് ധൈര്യമുണ്ടോ അങ്ങോട്ട്‌
തനിച്ചു പോകാന്‍ ......
കൂലം കുത്തി പതഞൊഴുകുന്നത്
എന്റെ പ്രണയമാണ്.....
കുത്തൊഴുക്കില്‍
തീരം കാണാതെ തളര്‍ന്നലയും
എന്റെ കാമുകന്‍ .....

കുറച്ചങ്ങുമാറി ഒരു ചതുപ്പുണ്ട്....
ഇവിടം കൂടി കാണിച്ചു തരാം നിനക്ക്......
അല്ലാതെ യാത്ര പൂര്‍ണ്ണമാവില്ല......
ചതുപ്പിനകത്തു
ദംഷ്ട്രകളോടുകൂടിയ
ഒരു ക്രൂരമൃഗം
ഒളിച്ചുപാര്‍ക്കുന്നുണ്ട്.....
നീ കാണുന്നത് അതിന്‍റെ
വാലറ്റമാണ്.........
പൂഴ്ത്തിവച്ച
ദുഷ്ടതകളാണ് മൃഗം....
കൊമ്പും കുളമ്പുമായ്‌
ഏതു നേരം വേണമെങ്കിലും
നിന്നില്‍ ചാടി വീഴാം,
അടുത്ത നിമിഷംതന്നെ
ചതുപ്പിലേയ്ക്കുള്‍വലിയുമെങ്കിലും......

....ഇനി നമുക്ക് തിരിച്ചു പോകാം......
ഒരു കാര്യം കൂടി
ഇവിടം നീ എന്തു പേരിട്ടുവിളിയ്ക്കും.......
അല്ലെങ്കില്‍ വേണ്ട
ഞാന്‍ തന്നെ പറയാം
'എന്‍റെ ഹൃദയം' എന്നു
വിളിച്ചോളൂ.............
ജാലകം

Friday 4 March 2011

അഹല്യയിലേക്ക് ഒരു വഴി
മോക്ഷം കാത്തു കിടക്കുന്ന
അഹല്യയിലേയ്ക്കൊരു വഴിയുണ്ട്
ഒരു ദിശായന്ത്രത്തിന്‍റെയും
സൂചികള്‍ വഴികാട്ടാത്ത ഒരു വഴി. . .

വഴിമരങ്ങളെല്ലാം മൌനപഞ്ജരങ്ങള്‍ ,
ഏതു രാമന്‍ വീണ്ടെടുകും
അഹല്യയുടെ ശബ്ദങ്ങള്‍ . . .

ഘടികാരങ്ങളും കലണ്ടറുകളും
മണ്‍പുറ്റുകളില്‍ ,
ഏതു രാമന്‍ വീണ്ടെടുകും
അഹല്യയുടെ സമയങ്ങള്‍ . . .

കണ്ണിലും കരളിലും അമാവാസി ,
ഏതു രാമന്‍ വീണ്ടെടുക്കും
അഹല്യയുടെ നിലാകാഴ്ചകള്‍ . . .

ഏതു രാമന്‍ വീണ്ടെടുക്കും
ഞെട്ടലില്ലാത്ത ഉറക്കങ്ങള്‍ ;
കെടുത്തും പുടവത്തുമ്പിലെ അഗ്നി

ഏതു രാമന്‍ ജ്വലിപ്പിക്കും
അഹല്യെ നിന്നെ . . . . ജാലകം

Thursday 3 March 2011

അല്‍ഷിമേഴ്സ് അഥവാ മരിച്ച ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ക്ക്‌ ഇരുട്ടിന്‍റെ കറുപ്പാണ്
ഇടയ്ക്ക് നേര്‍ത്തൊരു മിന്നല്‍
അവിടെ പ്രണയത്തിന്‍റെ
സ്മൃതിഗന്ധമലരുകള്‍
വീണ്ടും ഓര്‍മ്മകളുടെ അമ്പിളി
മേഘകീറുകള്‍ക്കിടയില്........
നനുത്ത ബാല്യത്തിന്‍റെ
നിലാവുമായ്‌ ഒരെത്തിനോട്ടം
പിന്നെയും ഓര്‍മ്മകളുടെ ജീവിതത്തില്‍ നിന്ന്
ഓര്‍മ്മകളുടെ ശവക്കല്ലറകളിലേക്ക്
മറവിയിലേക്ക്.......
ഇടക്കെപ്പോഴോ മറവിയെ
അമൃതംതളിച്ചുണര്‍ത്തുന്നു
എന്നിട്ടും ഞൊടിയിടകൊണ്ടാ-
ഓര്‍മ്മകള്‍ കേട്ടുപോകുന്നു
വര്‍ത്തമാനം വിസ്മൃതിയുടെ കാളിന്ദിയില്‍
ഒലിച്ചു പോകുന്നു.
അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ
ഇരുണ്ട ഭിത്തിക്കിടയിലെ
പൊക്കിള്‍ക്കൊടിയില്‍ തൂങ്ങി-
നില്‍ക്കുന്ന ഓര്‍മ്മകള്‍ ,
വിച്ഛേദനത്തിനായുള്ള
വെമ്പലില്ലതിനു...
ചാപിള്ളയായ് തീര്‍ന്ന ഓര്‍മ്മകള്‍ക്ക്
ശാസ്ത്രം അല്‍ഷിമേഴ്സ്
എന്ന് പേര് ചൊല്ലി...
ഭ്രാന്തെന്നു വിളിപ്പേര്....
തീര്‍ച്ചയായും ഓര്‍മ്മകള്‍
ശിക്ഷിക്കപ്പെടെണ്ടവ തന്നെ
മരിച്ച ഓര്‍മ്മകള്‍ എന്നെ
ഭ്രാന്തിയാക്കിയിരിക്കുന്നു.......... ജാലകം

Tuesday 1 March 2011

എങ്കിലും ക്ഷമിക്കൂ......
നിന്നോടുള്ള എന്‍റെ ഗാഡവും തീവ്രവുമായ
സ്നേഹം ഒരു പ്രത്യേക സിന്റാക്സ് ഉള്ളതല്ല
അതുകൊണ്ട്തന്നെ അതിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍
പ്രവചനാതീതവുമാണ്. . . .
അതിന്‍റെ വേലിയേറ്റത്തില്‍
വലിഞ്ഞു മുറുകി വിറച്ചുതുള്ളുന്ന
അപസ്മാരരോഗിയാകുന്നു ഞാന്‍ ‍. . .
അതിന്‍റെ വേലിയിറക്കം
നിരാശയുടെ കനത്ത ആഴങ്ങളിലേക്ക്‌
എന്നെ വലിച്ചെറിയുന്നു. . .

എങ്കിലും പ്രിയ്യപ്പെട്ടവനെ നിനക്ക് തരാന്‍
എന്റെ കൈയ്യില്‍ എന്തുണ്ട്. . . . ????
ചങ്ങലക്കിട്ടു ചതഞ്ഞു പോയ
നീരോലിക്കുന്ന വാക്കുകളോ. . .!!!
ഫേസ് പാക്കിട്ടു മിനുക്കിയെടുത്ത
പൊള്ളയായ എന്റെ ചിന്തകളോ. . . !!!

പുറംപൂച്ചുകളില്‍ ഒഴുകിപ്പോകുന്ന
എന്റെ അസ്തിത്വം
ഞാന്‍ നിസ്സഹായയാണ്‌
ഒഴുകിപ്പോകുന്നത് ഞാനാണെന്നറിഞ്ഞിട്ടും
തീരം ആഗ്രഹിക്കാത്തവള്‍ . . . .


ജാലകം

Sunday 20 February 2011

ഒരു വേനലിന്റെ വരള്‍ച്ചയില്‍ ഉണങ്ങിയും
ഒരു മഴയുടെ നനവില്‍ തളിര്‍ത്തും
ഇന്നലെ വരെ നാട്ടുവഴിയില്‍
മുള്ളിന്‍ പൂക്കളുടെ മണമില്ലാത്ത ഓര്‍മ്മകള്‍ക്കുള്ളില്‍
ഉറങ്ങിയിരുന്നു എന്റെ പ്രണയം ....
ഇന്നിപ്പോള്‍
പാഞ്ഞു വന്ന ഒരു NH ന്റെ കുത്തേറ്റ്
പോസ്റ്റ്‌മോര്‍ട്ടം കാത്തുകിടക്കുകയാണ്
മുള്ളിന്‍ പൂക്കളും ഞാനും .... രേഷ്മ തോട്ടുങ്കല്‍ ജാലകം

Monday 31 January 2011

എന്റെ വീട്ടിലെ മഴ. . . . . .

കൊമ്പും കുളംബുമായ്‌ ഒരു കൂറ്റന്‍ മഴമേഘം
പെയ്തുപോയ്‌...........
എന്‍റെ വീട് ഇരുട്ടില്‍ നനഞ്ഞൊലിച്ചു
നില്‍ക്കുന്നു.............
ഇറയത്ത് നിന്ന് ഇറ്റിവീഴുന്ന വെള്ളം
ഓട്ട വീണ അലൂമിനിബക്കറ്റില്‍
കച്ചേരി നടത്തുന്നു.........
വാതിലുകളില്ലാത്ത ജാലകങ്ങളിലൂടെ
അകത്തു പാറിയ ചിമ്മാനികളില്‍
അനിയത്തി പടം വരച്ചു കളിക്കുന്നു.........
തൊടിയില്‍ നനഞ്ഞുപോയ വിറകിനെക്കുറിച്ചു
അമ്മയ്ക്ക് വേവലാതി.........
ക്വാറികളെ ഉണര്‍ത്തുന്ന വെടിമരുന്നുകള്‍
മിണ്ടാതായതില്‍ അച്ഛന് പരിഭവം
മഴയോട്.................
മുറ്റത്ത് വീണു കിടക്കുന്ന
കിളിക്കൂട്....................
ഇനി ഒരു മഴ കൂടി വരാനിരിക്കുന്നു.............. ജാലകം

Saturday 22 January 2011

"..........."

"തെച്ചിക്കാടുകള്‍ ഇനിയൊരിക്കലും
പ്രണയത്തിന്‍റെ ജ്വാലാമുഖികളാവില്ല........
അവ വെളിച്ചത്തിന്‍റെ ഇരുട്ടിലെവിടെയോ വച്ച്
ബലാല്‍ത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു..........." ജാലകം

നിനക്കു പിന്നിലെ ഞാന്‍...

പ്രണയം അതിങ്ങനെയുമാണ്
ഒരു വാക്കുപോലും മിണ്ടാതെ
പരിഭവിക്കാതെ
നനുത്ത എത്തി നോട്ടങ്ങളിലൂടെ മാത്രം
ജീവന്‍ നിലനിര്‍ത്തും. . . ജാലകം
"ഉപാധികളില്ലാതെയായിരിക്കണം
നിന്‍റെ പ്രണയം. . . .
ഏതു നേരത്തും ഞാന്‍ കേറിവരും
എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാം. . . " ജാലകം

Friday 14 January 2011

നിനക്കറിയില്ലെന്നുണ്ടോ. . . ???

നീ ജീവിചിരുന്നാല്‍
പ്രതീക്ഷയുടെ ഒരു വെള്ളപ്പൊക്കം
എന്ടെ ഹൃദയം എന്നും കൊണ്ടുനടക്കും. . . .

എന്‍റെ സായന്തനങ്ങളില്‍ എന്നും
ചുവപ്പുരാശിയായ്
നിന്‍റെ അറിഞ്ഞിട്ടില്ലാത്ത സാമീപ്പ്യത്തെ,
ഞാന്‍ അറിഞ്ഞുകൊണ്ടിരിക്കും. . .

നീ ജീവിചിരുന്നാല്‍
ഈ തണുത്ത ഡിസംബറില്‍
നീ പോലുമറിയാതെ ഒരു വാക
എന്നില്‍ പൂക്കും. . .

ഉച്ചയ്ക്കുള്ള വെയിലില്‍
നിന്ടെ വിയര്‍പ്പിന്‍റെ മണവും;
പെട്ടന്ന് പെയ്ത മഴയില്‍
നിന്‍റെ കുളിരും ഞാന്‍ ഓര്‍ത്തു നോക്കും. . .

തിരക്കില്ലാത്ത ബുസ്സിലോറ്റ്യ്ക്കിരിക്കുമ്പോള്‍
ഞാന്‍ നിന്നെ ഒരു പാട്ടായ്‌ കേട്ടിരിയ്ക്കും. . .

എന്‍റെ വീട്ടിലേക്കുളള ഇടവഴിയില്‍
എന്നെ മാത്രം കാത്തിരിക്കാറുള്ള
കാറ്റിന്‍റെ മൂളലില്‍
ജീവനെ നിന്‍റെ കാത്തിരിപ്പിന്‍റെ
മുഷിച്ചില്‍ ഞാന്‍ അറിയും. . .

ഇനിയുമേരെയുണ്ടെന്‍റെ ജീവനേ
നീ ജീവിചിരുന്നാലെനിക്കു. . . . ജാലകം